തൊണ്ടിമുതല്‍ കൃത്രിമ കേസിൽ മുൻമന്ത്രി ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. കേസിൽ വിധി വരുന്നത് മൂന്ന് പതിറ്റാണ്ടിന് ശേഷം



തൊണ്ടിമുതല്‍ കൃത്രിമക്കേസില്‍ മുന്‍മന്ത്രിയും തിരുവനന്തപുരം എംഎല്‍എയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. കേസ്സെടുത്തു മുപ്പത്തിരണ്ട് വർഷത്തിന് ശേഷമാണ് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധി പ്രസ്താവിച്ചത്.

ആന്റണി രാജുവിനെതിരെ ചുമത്തിയിരുന്ന ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെയുള്ള
എട്ടോളം നിര്‍ണ്ണായക വകുപ്പുകള്‍ കോടതിയില്‍ തെളിഞ്ഞു. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതിയായ മുന്‍ കോടതി ജീവനക്കാരന്‍ കെ.എസ്. ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷാവിധി പിന്നീട് കോടതി പ്രഖ്യാപിക്കും.

1990-ല്‍ 60 ഗ്രാം ഹാഷിഷുമായി പിടിയിലായ ഓസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചു എന്നതാണ് കേസ്.

അന്ന് ആന്‍ഡ്രൂവിന്റെ അഭിഭാഷകനായിരുന്ന ആന്റണി രാജു, കോടതി ക്ലാര്‍ക്ക് ജോസിന്റെ സഹായത്തോടെ തൊണ്ടിമുതല്‍ കൈപ്പറ്റുകയും അത് വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെ ഏല്‍പ്പിക്കുകയും ചെയ്തു. അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന് തെളിയിച്ച് ഹൈക്കോടതിയില്‍ നിന്ന് ഇയാള്‍ അനുകൂല വിധി നേടി.

വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്ട്രേലിയയില്‍ മറ്റൊരു കേസില്‍ ജയിലില്‍ കഴിയവെ ആന്‍ഡ്രൂ തന്നെയാണ് ഈ തട്ടിപ്പിന്റെ വിവരം സഹതടവുകാരനോട് വെളിപ്പെടുത്തിയത്. ഇന്റര്‍പോള്‍ വഴി സിബിഐക്കും തുടര്‍ന്ന് കേരള പോലീസിനും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ പുനരന്വേഷണം നടന്നത്. 

Share this news

           

RELATED NEWS

antony raju case